മരണം ഉണര്‍ത്തുന്ന ചിന്തകള്‍

 

നിമിഷംപ്രതി ജീവിതം നമ്മില്‍നിന്ന് വഴുതി മാറിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും മരണത്തോട് അടുക്കുകയാണെന്നതിനെക്കുറിച്ച് നിങ്ങള്‍ ബോധവാനാണോ? മറ്റുള്ളവരോടെന്നപോലെ മരണം നിങ്ങളോടും വളരെ അടുത്തുതന്നെയാണെന്ന വിചാരമുണ്ടോ? “ഓരോ ജീവനും മരണം രുചിക്കും. പിന്നെ എന്റെയടുത്തേക്ക് നിങ്ങള്‍ തിരിച്ചുകൊണ്ടുവരപ്പെടും.” (അല്‍ അന്‍കബൂത്:57).

 

 

ഈ ഭൂമുഖത്ത് കടന്നു വന്നവരെല്ലാം ഒരിക്കല്‍ മരണം പുല്‍കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ലംഘിക്കാനാവാത്ത ഈ വിധിയില്‍ നിന്ന് ആരും ഒഴിവല്ല. നമുക്ക് മുമ്പ് കടന്നുപോയ എത്രയോ പേരുടെ ഒരവശിഷ്ടം പോലും ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നില്ല. ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരും ഇനിയുമിവിടെ വരാനിരിക്കുന്നവരും അവരവര്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രത്യേക നാളില്‍ മരണം രുചിക്കുമെന്ന് തീര്‍ച്ചയാണ്. വസ്തുത ഇതാണെങ്കിലും മരണത്തെ ഒരു അതിവിദൂര സാധ്യതയായി കാണുന്ന പ്രവണതയാണ് പൊതുവേ മനുഷ്യര്‍ക്കുള്ളത്.

 

 

 

ഇപ്പോള്‍ മാത്രം ഈ ഭൂമുഖത്തെക്ക് മിഴിതുറന്ന ഒരു ശിശുവിനെയും അതെ സമയം അന്ത്യശ്വാസം വലിച്ച ഏതെങ്കിലുമൊരാളെയും കുറിച്ച് ആലോചിച്ചു നോക്കുക. തങ്ങളുടെ ജനന മരണങ്ങളില്‍ അവര്‍ക്ക് യാതൊരു സ്വാധീനവും ഇല്ലെന്നു കാണാം. ജീവശ്വാസം നല്‍കാനും അത് തിരിച്ചെ ടുക്കാനുമുള്ള അധികാരം അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമാണ്.

 

എല്ലാ മനുഷ്യരും ഒരു നിശ്ചിത ദിവസം വരെ ജീവിക്കും. പിന്നെ അനിവാര്യമായും മരിക്കും. മരണത്തോട് പൊതുവേ മനുഷ്യന്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ” നബിയെ, താങ്കള്‍ പറയുക. നിങ്ങള്‍ ഭയന്നോടുന്ന ആ മരണം തീര്‍ച്ചയായും നിങ്ങളെ പിടികൂടും. പിന്നെ ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവന്റെ മുമ്പില്‍ നിങ്ങള്‍ ഹാജരാക്കപ്പെടുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്താണെന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചു തരുന്നതാകുന്നു.”(അല്ജുമുഅ :8).

 

മിക്കയാളുകളും മരണചിന്തയകറ്റാന്‍ ശ്രമിക്കുന്നവരാണ്. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ തികച്ചും വ്യത്യസ്തമായ സംഗതികളിലാണ് അവര്‍ കെട്ടുപിണഞ്ഞു കിടക്കാറുള്ളത്. ഇതു കോളേജില്‍ ചേര്‍ന്നാണ് പഠിക്കുക, എന്ത് ജോലി ചെയ്യും, നാളെ രാവിലെ ഏതു നിറമുള്ള വസ്ത്രം ധരിക്കും, അത്താഴത്തിന് എന്താണ് ഒരുക്കുക ഇതൊക്കെയാണ് പലരെയും സാധാരണ അലട്ടാറുള്ള മുഖ്യ പ്രശ്നങ്ങള്‍. ജീവിതമെന്നാല്‍ ഇത്തരം നിസ്സാര സംഗതികളുടെ ഒരു നിരന്തര പ്രക്രിയയാണ് എന്നുപോലും മനസ്സിലാക്കപ്പെടുന്നു. മരണത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ചിലര്‍ക്ക് അലോസരമാണ്. മരണത്തെക്കുറിച്ച ചര്‍ച്ചക്ക് ആരെങ്കിലും മുതിര്‍ന്നാല്‍ അത്തരക്കാര്‍ ഉടക്കുണ്ടാക്കും പടുവൃദ്ധരെ മാത്രമല്ലേ മരണം തട്ടിയെടുക്കാര്‍ ? പിന്നെ ആ അരസികന്‍ സംഗതിയെക്കുറിച്ച് ആലോചിച്ച് എന്തിനു ബേജാറാവണം ? എന്നാണ് വെപ്പ്. പക്ഷേ അടുത്ത ഒരു മണിക്കൂര്‍ കൂടി ജീവിച്ചിരിക്കുമോ എന്നതിന് ആര്‍ക്കും ഒരു ഗ്യാരന്റിയുമില്ലെന്നതു വിസ്മരിക്കപ്പെടുന്നു. നിത്യവും തനിക്കു ചുറ്റുമുള്ള പലരും മരിക്കുന്നത് ഒരാള്‍ കാണുന്നു. എന്നിട്ടും മറ്റുള്ളവര്‍ തന്റെ മരണത്തിന് സാക്ഷിയാകുന്ന നാളിനെക്കുറിച്ച ചിന്ത അയാള്‍ക്കില്ല. അതരമൊരന്ത്യം തന്നെയും കാത്തിരിക്കുന്നുണ്ടെന്ന സത്യം അയാള്‍ക്ക്‌ സങ്കല്‍പ്പിക്കാനാവുന്നില്ല.

പക്ഷെ, എന്തൊക്കെയായാലും ഒരാള്‍ക്ക്‌ മരണം ആഗതമാകുന്നതോടെ അയാളുടെ ജീവിതത്തിന്റെ യാഥാര്‍ഥയ്ങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകുന്നു. കഴിഞ്ഞുപോയ ആ നല്ല നാളുകളെക്കുറിച്ച്‌ ഓര്‍മിപ്പിക്കുന്ന യാതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ കണ്ണടക്കാം, ‌ ശരീരം ചലിപ്പിക്കാം, സംസാരിക്കാം,ചിരിക്കാം. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍, മരണത്തിനു ശേഷം നിങ്ങളുടെ ഈ ശരീരത്തിന്റെ ആകൃതിയും അവസ്ഥയും എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.

അവസാന ശ്വാസത്തിന്റെ നിമിഷം മുതല്‍ നിങ്ങള്‍ മറ്റൊന്നുമല്ല. വെറുമൊരു മാംസക്കൂമ്പാരം മാത്രം. പിന്നെ അവസാന കുളിക്ക് നിങ്ങള്‍ വിധേയനാക്കപ്പെടുന്നു. താമസിയാതെ കഫന്‍പുടവയില്‍ പൊതിയപ്പെട്ടു മയ്യിത്‌കട്ടിലിലേറി ഖബര്‍സ്താനിലേക്ക്. ഖബറില്‍ വെക്കുന്നതോടെ നിങ്ങളെ മണ്ണ് പൊതിയുന്നു. ഇവിടെ നിങ്ങളുടെ കഥ അവസാനിക്കുകയാണ്. ഇനി നിങ്ങള്‍ മീസാങ്കല്ലില്‍ രേഖപ്പെടുത്തപ്പെട്ട ഏതോ ഒരു പേര് മാത്രം. മരണപ്പെട്ട്‌ ആദ്യത്തെ മാസങ്ങളിലും വര്‍ഷങ്ങളിലും നിങ്ങളുടെ ഖബര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കപ്പെടും. കാലം കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം കുറയും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാതാവുകയും ചെയ്തേക്കാം.

 

 

ഇതിനിടെ നിങ്ങളുടെ അടുത്ത കുടുംബങ്ങള്‍ നിങ്ങളുടെ മരണത്തിന്റെ മറ്റൊരു വശം അനുഭവിച്ചുകൊണ്ടിരിക്കുകയായിരിക്കും. വീട്ടില്‍ നിങ്ങളുടെ മുറിയും കിടക്കയും ഒഴിഞ്ഞുകിടക്കും. മയ്യിത്ത്‌ സംസ്കരണം കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടേതായ വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രമേ വീട്ടില്‍ ബാക്കി വെക്കപ്പെടുകയുള്ളൂ. നിങ്ങളുടെ വസ്ത്രങ്ങളും ഷൂവുമെല്ലാം ആവശ്യക്കാര്‍ക്ക് നല്‍കപ്പെടും. രജിസ്ട്രാപ്പീസിലെ രേഖകളില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യപ്പെടും. ആദ്യത്തെ ഏതാനും വര്‍ഷങ്ങളില്‍ നിങ്ങളെചൊല്ലി വിലപിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം. പിന്നെ കാലം നിങ്ങള്‍ അവശേഷിപ്പിച്ച ഓര്‍മകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങും. നാലോ അഞ്ചോ പതിറ്റാണ്ടിനു ശേഷം നിങ്ങളെ ഓര്‍ക്കാന്‍ പോലും വളരെ തുച്ഛം പേരെ ഉണ്ടാവുകയുള്ളൂ. അധികം കഴിയും മുമ്പേ പുതിയ തലമുറ വരികയായി. നിങ്ങളുടെ തലമുറയില്‍പെട്ട ആരും ഭൂമുഖത്തില്ലാത്ത കാലം. അവിടെ നിങ്ങള്‍ ഓര്‍മിക്കപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് യാതൊരു കാര്യവുമില്ലാത്ത അവസ്ഥ.

 

 

ഭൂമിക്കു പുറത്ത് ഇങ്ങനെയോരോന്ന് നടന്നുകൊണ്ടിരിക്കുമ്പോള്‍ മണ്ണിനടിയില്‍ നിങ്ങളുടെ മയ്യിത്ത്‌ അതിവേഗം അഴുകിക്കൊണ്ടിരിക്കുകയായിരിക്കും. ഖബറില്‍ മറമാടപ്പെട്ടയുടന്‍ ഓക്സിജന്റെ അഭാവം മൂലം നിങ്ങളുടെ ജഡത്തില്‍ പെരുകിയുണ്ടാകുന്ന ബാക്ടീരിയകളും പുഴുക്കളും അവയുടെ പണി തുടങ്ങുന്നു. അതുവഴിയുണ്ടാകുന്ന വാതകങ്ങള്‍ മൂലം ആദ്യം വയറും പിന്നെ മുന്‍ഭാഗങ്ങളും വീര്‍ത്ത് വരുന്നു. ശരീരത്തിന്റെ രൂപവും ആകൃതിയും പാടെ മാറുന്നു. നെഞ്ചിനെയും വയറിനെയും വേര്‍തിരിക്കുന്ന ഉരോദരഭിത്തിയിലുണ്ടാകുന്ന വാതക

സമ്മര്‍ദം വായിലൂടെയും മൂക്കിലൂടെയും ചോര കലര്‍ന്ന നുരയും പതയും വരാന്‍ തുടങ്ങുന്നു. ഈ അഴുകല്‍ പ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച്‌ ശരീരത്തിലെ രോമങ്ങളും നഖങ്ങളും കൈപ്പത്തികളും പാദത്തിന്റെ ഉള്ളടികളുമെല്ലാം കൊഴിഞ്ഞുപോകുന്നു. ബാഹ്യശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്കൊപ്പം ആന്തരികാവായവങ്ങളായ ശ്വാസകോശങ്ങളും ഹൃദയവും കരളുമെല്ലാം ചീഞ്ഞുപോകുന്നു. ഉള്ളില്‍ പെരുകിയുണ്ടാകുന്ന വാതകങ്ങളുടെ സമ്മര്‍ദം താങ്ങാനാവാതെ വയര്‍ പൊട്ടി അറപ്പും വെറുപ്പുമുളവാക്കുന്ന അസഹ്യമായ നാറ്റം വ്യാപിക്കുന്നു. പേശികള്‍ അവയുടെ സ്ഥാനത്തുനിന്ന് വേര്‍പെട്ടുവീഴുന്ന ഈ പ്രക്രിയ തലയോട്ടിയില്‍നിന്നു തുടങ്ങും. തൊലിയും മൃദുകോശകലകളും പൂര്‍ണമായി ശിഥിലമാകുന്നു.തലച്ചോറ് അഴുകി കളിമണ്ണ് പോലെ കാണപ്പെടും. നിങ്ങള്‍ വെറുമൊരു അസ്ഥികൂടമായി മാറുവോളം ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരിക്കും.

 

 

ഇനി ആ പഴയ ജീവിതത്തിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങാന്‍ യതൊരവസരവുമില്ല. തീന്മേശക്ക് ചുറ്റും കുടുംബാംഗങ്ങളോടൊപ്പമിരുന്നു സന്തോഷം പങ്കിടാനോ മറ്റുള്ളവരോടൊപ്പം ഇണങ്ങി ജീവിക്കാനോ നിങ്ങളുടെ മാന്യമായ ജോലിയില്‍ തുടരാനോ ഒന്നും സാധ്യമല്ല.

 

 

ചുരുക്കത്തില്‍, നാം ഒരു പ്രത്യേക വ്യക്തിത്വം ചാര്‍ത്തിക്കൊടുക്കുന്ന മാംസത്തിന്റെയും എല്ലുകളുടെയും കൂമ്പാരത്തിന് അത്യന്തം അരോചകവും വഷളുമായ ഒരന്ത്യമാണ് അഭിമുഖീകരിക്കുവാനുള്ളത്. അന്ത്യശ്വാസം വലിക്കുന്നതോടെ നിങ്ങള്‍ – അല്ല,നിങ്ങളുടെ ആത്മാവ്- ഈ ശരീരത്തെ ഉപേക്ഷിച്ച് പോകുന്നു. ശേഷിക്കുന്ന നിങ്ങളുടെ ശരീരം മണ്ണിന്റെ ഭാഗമായി മാറുന്നു.

 

 

പക്ഷെ, എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കണം? അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ മനുഷ്യശരീരം ഇങ്ങനെ പഴുത്തു ചീയെണ്ടതില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഇതിലൊരു മഹാസന്ദേശം അടങ്ങിയിട്ടില്ലേ?

 

 

മനുഷ്യനെ കാത്തിരിക്കുന്ന ദാരുണവും ഭീതിജനകവുമായ അന്ത്യം, താന്‍ വെറുമൊരു ശരീരമല്ലെന്നും അതിലുപരി ശരീരത്തില്‍ അടക്കപ്പെട്ട ആത്മാവാണ് യഥാര്‍ത്ഥത്തില്‍ താനെന്നും അവനെ ബോധാവാനാക്കേണ്ടിയിരിക്കുന്നു. ശരീരത്തിനപ്പുറമാണ് തന്റെ വ്യക്തിത്വമെന്ന് അവന്‍ തിരിച്ചറിയണം. ശരീരത്തെ വളരെ പ്രാധാന്യത്തോടെയാണ് അവന്‍ കാണുന്നതെങ്കിലും അത് ഒരിക്കല്‍ ജീര്‍ണിച്ച്‌ പുഴു തിന്ന് വെറുമൊരു അസ്ഥിപ ഞ്ജരമായി മാറുമെന്നും ഇതു നിമിഷവും അത് സംഭവിക്കുമെന്നും മനുഷ്യന്‍ ബോധാവാനാകേണ്ടതുണ്ട്.

വസ്തുത ഇതാണെങ്കിലും താന്‍ ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്തതിനെയെല്ലാം അവഗണിക്കുന്ന മനോഭാവമാണ് മനുഷ്യനുള്ളത്. അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്ത യാഥാര്‍ത്യങ്ങളുടെ ആസ്തിക്യം പോലും അവന്‍ നിഷേധിച്ചേക്കും. മരണത്തിന്റെ വിഷയത്തില്‍ ഈ പ്രവണത വളരെ പ്രകടമാണ്. വളരെ അടുത്ത ഒരു കുടുംബാംഗത്തിന്റെ പെട്ടെന്നുള്ള മരണം ഈ സത്യം മനുഷ്യനെ വല്ലപ്പോഴും ഓര്‍മിപ്പിച്ചെന്നിരിക്കും. മരണം തന്നില്‍നിന്നു വളരെ ദൂരെയാണെന്നാണ് പൊതുവേ എല്ലാവരുടെയും ധാരണ. ഉറക്കത്തിനിടയിലോ അപകടത്തില്പെട്ടോ മരിക്കുന്നവര്‍ മറ്റുള്ളവരാ ണെന്നും അവര്‍ അനുഭവിച്ചത് ഒരിക്കലും താന്‍ അനുഭവിക്കേണ്ടി വരില്ലെന്നുമാണ് ചിന്ത. മരിക്കാനായിട്ടില്ലെന്നും ഇനിയും എത്രയോ വര്ഷം ജീവിക്കാനുണ്ടെന്നും ഓരോരുത്തരും കരുതുന്നു.

 

 

സ്കൂളിലേക്കുള്ള യാത്രാമധ്യെയോ അല്ലെങ്കില്‍ ഒരു ബിസിനസ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ തിരക്കിട്ട് പോകുന്നതിനിടയിലോ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവര്‍ക്കും ഇതേ ചിന്ത തന്നെയാകാനാണ് സാധ്യത. നാളത്തെ പത്രത്തില്‍ തങ്ങളുടെ ചരമവാര്‍ത്ത കൂടി വരുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ ഈ വരികള്‍ വായിക്കുമ്പോഴും വായന പൂര്‍ത്തിയാക്കിക്കഴിഞ്ഞു തൊട്ടുടനെ മരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാതിരിക്കാനാണ് ഏറെ സാധ്യത. അത്തരമൊരു സാധ്യതയെ വെറുമൊരു തമാശയായി കാണുന്നവര്‍ പോലുമുണ്ടാകാം. മരിക്കാനൊന്നും ആയിട്ടില്ലെന്നും ഇനിയും എന്തെല്ലാം ചെയ്തു തീര്‍ക്കാന്‍ കിടക്കുന്നുവെന്നുമാകാം നിങ്ങളുടെ ചിന്ത. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് മരണത്തെ അഭിമുഖീകരിക്കുന്നതില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും അതില്‍നിന്നു രക്ഷപ്പെടാനുള്ള പാഴ്വേലയുമാണ്. ” മരണത്തെയോ വധത്തെയോ പേടിച്ച് ഒഴിഞ്ഞു പോയതുകൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതിന് ശേഷവും കുറച്ചു നേരത്തെക്കല്ലാതെ നിങ്ങള്‍ക്ക് സുഖിക്കാനാവില്ല.”(അല്‍അഹ്സാബ്:16).

 

Say: "Running away will not profit you if you are running away from death or slaughter; and even if (you do escape), no more than a brief (respite) will you be allowed to enjoy!" (Surat al-Ahzab: 16)

 

കൂടെ മറ്റാരുമില്ലാതെ ജനിപ്പിക്കപ്പെട്ട മനുഷ്യന്‍ ഏകനായിത്തന്നെ മരിക്കേണ്ടിയും വരുമെന്ന് അവന്‍ ബോധവാനാകേണ്ടിയിരിക്കുന്നു. ആസക്തികള്‍ക്കു അടിപ്പെട്ടുകൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ജീവിതത്തില്‍ അവന്റെ ഒരേയൊരു ലക്‌ഷ്യം വീണ്ടും വീണ്ടും സമ്പാദിക്കുക എന്നതായിരുന്നു. പക്ഷെ, സ്വന്തം കല്ലറയിലേക്ക് ആര്‍ക്കും ഈ സമ്പാദ്യങ്ങള്‍ വലിച്ചുകൊണ്ട് പോകാന്‍ കഴിയാറില്ല. വിലകുറഞ്ഞ ശവക്കച്ച മാത്രമേ അവനെ അണിയിക്കുകയുള്ളൂ. ഈ ഭൂമുഖത്ത്‌ തനിയെ വന്ന ശരീരം തനിയെ തിരികെ പോവുകയും ചെയ്യുന്നു. കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പാദ്യം വിശ്വാസവും കര്‍മങ്ങളും മാത്രം.

 

http://www.realityofdeath.com/

2013-04-01 18:08:48

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top